ശ്രീകണ്ഠപുരം:മടമ്പത്തെ മിൽമ ഡെയറിയുടെ മുറ്റത്ത് നാലുമാസമായി മാർഗ തടസം സൃഷ്ടിച്ച് ചരക്കുലോറി കിടക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. ലോറി ഉടമയുമായി ഫോണിൽ സംസാരിച്ചപ്പോൾ പിണങ്ങിയതിനെത്തുടർന്ന് പാൽപാക്കറ്റ് നിർമ്മിക്കുന്ന വസ്തുക്കളുമായി എത്തിയ ലോറി ഡ്രൈവർ വാഹനമുപേക്ഷിച്ച് മുങ്ങുകയായിരുന്നു. മാർച്ച് 14-നാണ് മഹാരാഷ്ട്രയിൽനിന്നുള്ള ഉത്പന്നങ്ങളുമായി എംഎച്ച്12 പിക്യു 7717 നമ്പർ ലോറിയെത്തിയത്.

യാത്രാമധ്യേ ഉടമയുമായി തർക്കിച്ചെന്ന് ഡ്രൈവർ അവിടത്തെ ജീവനക്കാരോട് പറഞ്ഞിരുന്നു. ലോഡ് ഇറക്കിയശേഷം താക്കോൽ വാഹനത്തിൽ തന്നെ ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി. പിന്നീട് ഡ്രൈവറെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് മിൽമ മാനേജർ ശ്രീകണ്ഠപുരം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വാഹനത്തിന്റെ ആർസി ഉടമയ്ക്ക് രജിസ്‌ട്രേഡായി കത്തയച്ചിട്ടും ഫലമില്ലെന്നാണ് വിവരം. ഇതോടെ കോപൗണ്ടിൽ കിടക്കുന്ന ചരക്കുലോറി മിൽമാഡയറിക്ക് തലവേദന ആയിരിക്കുകയാണ്.