കണ്ണൂർ: മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന അരുംകൊലയിലെ പ്രതിയെ കണ്ടെത്താനാവാതെ പൊലിസ്. കാട്ടാമ്പള്ളി കൈരളി ബാറിൽ നിന്നും വളപട്ടണം കീരിയാട് സ്വദേശിയായ റിയാസിനെ കത്തിക്കൊണ്ടു കുത്തിക്കൊന്നതിനു ശേഷം സ്‌കൂട്ടറിൽ രക്ഷപ്പെട്ട അഴീക്കോട് മൂന്നു നിരത്തിലെ ജിംനേഷ്യം നടത്തിപ്പുകാരൻ നിഷാമിനെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ അറിയിച്ചു.

ഗൾഫിൽ വിപുലമായ ബന്ധങ്ങളുള്ള ഇയാൾ വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാനായി കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് നോട്ടീസ് പതിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി സ്‌കൂട്ടറിൽ കാട്ടാമ്പള്ളിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് റിയാസിനെ നെഞ്ചിന് കത്തിക്കൊണ്ടു കുത്തിയത് നിഷാമാണെന്ന് തെളിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ റിയാസ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരിച്ചത്.

കാട്ടാമ്പള്ളി ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തകർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികണ്ണൂർ ജില്ലവിട്ടതായി നേരത്തെ പൊലിസ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോടുവഴി നിസാം ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ തെളിവു പൊലിസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.പ്രതിയുടെ ബന്ധുക്കൾ കോഴിക്കോടുണ്ടെന്ന നിഗമനത്താൽ പൊലിസ് ബന്ധുവീടുകളിൽ തെരച്ചിൽ നടത്തിയെങ്കിലും നിഷാമിനെ കണ്ടെത്തിയില്ല. കോഴിക്കോട് അതിർത്തി കടന്നതിനു ശേഷം ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. പ്രതി സംസ്ഥാനംവിട്ടു പോയില്ലെന്ന നിഗമനത്തിലാണ് പൊലിസ്.

എന്നാൽ കൃത്യം നടത്തിയതിനു ശേഷം പ്രതി ജില്ല വിട്ടത് പൊലിസിന്റെ ഗുരുതരമായ വീഴ്‌ച്ചയായിട്ടാണ് വിലയിരുത്തിയിട്ടുണ്ട്.പിറ്റേ ദിവസം രാവിലെ നിഷാം കോഴിക്കോട് അതിർത്തികടന്നതായി മോട്ടോർവാഹനവകുപ്പിന്റെ ക്യാമറാദൃശ്യങ്ങളിൽ നിന്നും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.ബാറിലെ തർക്കത്തിനിടെ തന്റെ കൂടെയുണ്ടായി സുഹൃത്തായ സന്ദീപിനെ അക്രമിക്കുന്നത് തടയുന്നതിനിടെയാണ്റിയാസിന് മാരകമായി ഇടനെഞ്ചിൽ കുത്തേറ്റത്.

എളിയിൽ തിരുകിയ കത്തി ഉപയോഗിച്ചുനിഷാം നെഞ്ചിൽ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. ആഴത്തിലുള്ള കുത്തേറ്റു ഹൃദയം തുളച്ചുകയറിയതാണ് അതിവേഗം തന്നെ ആശുപത്രിയിലെത്തിച്ചിട്ടും റിയാസിന്റെ ജീവൻരക്ഷിക്കാൻ കഴിയാത്തതിന് കാരണമായത്. നിസാരമായ പ്രകോപനമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നേരത്തെ മുസ്ലിം ലീഗ് മുൻ ശാഖാഭാരവാഹിയായിരുന്നു റിയാസ്. എന്നാൽ കഴിഞ്ഞ കുറെക്കാലമായി വളപട്ടണത്തെ മാപ്പിള ഖലാസിയായി ജോലി ചെയ്തുവരുന്ന ഇയാൾക്ക് പാർട്ടി പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിവരം. റിയാസിന്റെ ദാരുണമരണത്തോടെ നിർധനകുടുംബത്തിന് അത്താണിയെയാണ് നഷ്ടമായത്്. വളപട്ടണത്തെ സാമൂഹികരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു റിയാസും സുഹൃത്തുക്കളും.