- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരവൂരിൽ പൊഴിമുഖത്തേക്ക് ഇറങ്ങിയ ആഡംബര കാർ മുങ്ങി; ഡോർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി
പരവൂർ: പരവൂരിൽ പൊഴിമുഖത്തേക്ക് ഇറക്കിയ ആഡംബര കാർ മുങ്ങി. കാറിലുണ്ടായിരുന്ന സ്ത്രീയടക്കമുള്ള യാത്രക്കാരെ ഡോർ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഒൻപതരയോടെ പരവൂർ തെക്കുംഭാഗം കാപ്പിൽ ബീച്ചിലെ പൊഴിയിൽ ആണു സംഭവം. തെക്കുംഭാഗം ഭാഗത്തെ മണൽ റോഡിലൂടെ പൊഴിമുഖത്തേക്ക് ഇറങ്ങിയ കാർ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. കാർ ഏകദേശം മുക്കാൽ ഭാഗത്തോളം മുങ്ങി പോയി.
കാർ മുങ്ങുന്നതു കണ്ട് മറുകരയിലുള്ള റിസോർട്ട് ജീവനക്കാർ കുതിച്ചെത്തി ഡോർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. നാലു പേരാണു കാറിൽ ഉണ്ടായിരുന്നത് എന്നു തീരത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. ഇവരെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിവരം അറിഞ്ഞു പരവൂർ പൊലീസും അഗ്‌നിരക്ഷാസേനയുടെ 2 യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിനെത്തി. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ വടം ഉപയോഗിച്ചു കാർ കരയിലേക്കു കയറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്. കൂരിരുട്ടും അഴിമുഖത്തെ ഒഴുക്കും രക്ഷാപ്രവർത്തനത്തിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്.
ഇടവ - നടയറ കായൽ തെക്കുംഭാഗം - കാപ്പിൽ ബീച്ചിൽ ആണ് കടലുമായി ചേരുന്നത്. കാലവർഷം ആരംഭത്തിൽ തന്നെ പൊഴി മുറിഞ്ഞിരുന്നു. പൊഴിയുടെ മധ്യഭാഗത്ത് ശക്തമായ ഒഴുക്കാണ്. വേലിയേറ്റം ആയതിനാലാണ് കാർ കടലിലേക്ക് ഒഴുകി പോകാതിരുന്നത്.



