കാസർകോട്: എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനായ ഒരു ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. അഴിമതിക്കെതിരെ, വികസത്തിന്, ക്ഷേമപ്രവർത്തനത്തിന് എന്നിവയിലെല്ലാം മുഴുവൻ എ പ്ലസ് ലഭിച്ച നേതാവാണ് അദ്ദേഹമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടൗൺ സമ്പർക്ക പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടുമായാണ് ഞങ്ങൾ ജനങ്ങളെ ഇന്ന് കവലകളിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിൽ ഒരുകോടി ജനങ്ങൾക്ക് നേരിട്ട് സർക്കാരിന്റെ എന്തെങ്കിലും ആനുകൂല്യം കിട്ടിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ക്ഷേമപ്രവർത്തനങ്ങൾ മാത്രമല്ല, വികസന പ്രവർത്തനങ്ങളും വലിയ തോതിൽ നടന്നിട്ടുണ്ട്. ആ നേട്ടങ്ങൾ ജനങ്ങളോട് എണ്ണിയെണ്ണിപ്പറയാൻ, കൃത്യമായി പറഞ്ഞാൽ മോദി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടുമായാണ് ജനങ്ങളെ കവലകളിൽ കാണുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതിക്കെതിരേ മുഴുവൻ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് മോദിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വികസനത്തിന്, അതുപോലെ ക്ഷേമപ്രവർത്തനങ്ങളിലെല്ലാം മുഴുവൻ എ പ്ലസ് ആണ്. ലോകം മുഴുവൻ ഒരു ഡിജിറ്റൽ ലോകത്തിലാണുള്ളത്. ആ ഡിജിറ്റൽ ലോകത്തിൽ ഇന്ത്യ ഒരുപക്ഷേ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമായി മാറി.

നരേന്ദ്ര മോദി ഡിജിറ്റൽ മിഷനുമായി വന്നപ്പോൾ കോൺഗ്രസ് നേതാവ് ചിദംബരം ചോദിച്ചത് എങ്ങനെയാണ് പാവപ്പെട്ടവർ മൊബൈൽ ഫോൺ റീ ചാർജ് ചെയ്യുക, നമ്മുടെ ഇന്ത്യയിലെ ഗ്രാമങ്ങളിൽ വൈദ്യുതി ഇല്ലല്ലോ എന്നാണ്. 60 കൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസാണ് വൈദ്യുതി ഇല്ലാത്ത ഗ്രാമങ്ങൾ സൃഷ്ടിച്ചതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.