- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉമ്മൻ ചാണ്ടി ഇല്ലായിരുന്നുവെങ്കിൽ വിഴിഞ്ഞം തുറമുഖം പോലുള്ള വികസനം കേരളത്തിൽ സാധ്യമാകില്ലായിരുന്നു'; രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി പ്രചോദനമായിരുന്നുവെന്ന് ശശി തരൂർ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് ശശി തരൂർ എംപി. ഉമ്മൻ ചാണ്ടി ഇല്ലായിരുന്നുവെങ്കിൽ വിഴിഞ്ഞം തുറമുഖം പോലുള്ള വികസനം കേരളത്തിൽ സാധ്യമാകുമായിരുന്നില്ലെന്നും തരൂർ ഡൽഹിയിൽ പറഞ്ഞു. രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി തനിക്ക് പ്രചോദനമായിരുന്നു. ജനങ്ങൾക്ക് വേണ്ടി ഇത്രയും അർപ്പണ ബോധത്തോടെ പ്രവർത്തിച്ച നേതാവ് അപൂർവമാണെന്നും തരൂർ അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിയോഗം ഉൾകൊള്ളാനാകാതെ വിതുമ്പുകയാണ് രാഷ്ട്രീയ കേരളം. വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ പ്രതികരണം. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻ ചാണ്ടി. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഹായം തേടിവരുന്ന ആരെയും അദ്ദേഹം നിരാശരാക്കിയില്ല.
കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയം കൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻ ചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേർത്തു.
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വിഡി സതീശൻ അനുസ്മരിച്ചു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടിപതറാതെ ആ പുതുപ്പള്ളിക്കാരൻ ജ്വലിച്ച് നിന്നു. കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യമാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചതുമില്ല. അക്ഷരാർത്ഥത്തിൽ ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് സ്വന്തമായിരുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻ ചാണ്ടി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.




