അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മോഹൻലാൽ. ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ എഴുതി. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും തനിക്കുണ്ടായിരുന്നത്. ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതെന്നും മോഹൻലാൽ കുറിച്ചു.

ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ്മൻ ചാണ്ടി പുലർച്ചെ 4.25-ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തി വലിയപള്ളിയിൽ സംസ്‌കരിക്കും.

ഏറ്റവും കൂടുതൽ നിയമസഭാ സാമാജികനായതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ നിയമസഭയിലെത്തി. തൊഴിൽ, ആഭ്യന്തരം, ധനകാര്യം വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചു. എ കെ ആന്റണി രാജിവച്ചതിനെത്തുടർന്ന് ആദ്യമായി 2004ലും പിന്നീട് 2011- 2016 കാലഘട്ടത്തിലും മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. 2006- 2011ൽ പ്രതിപക്ഷ നേതാവായിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. എഐസിസി ജനറൽ സെക്രട്ടറിയുമാണ് ഉമ്മൻ ചാണ്ടി.