തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഉമ്മൻ ചാണ്ടിയോളം ജനങ്ങളുമായി ചേർന്നു നിന്ന് പ്രവർത്തിച്ച മറ്റൊരു നേതാവ് ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങളോടൊപ്പം, ജനങ്ങളുടെ വേദനകളോടൊപ്പം ചേർന്നുനിന്ന നേതാവാണ് ഉമ്മൻ ചാണ്ടി. ഏറ്റവും ഒടുവിൽ ആശുപത്രിക്കിടക്കയിൽ വച്ച് കണ്ടപ്പോഴും, നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ചാണ് അദ്ദേഹം ചോദിച്ചതെന്ന് മുരളീധരൻ വെളിപ്പെടുത്തി.

''മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണം വളരെ വലിയൊരു വിടവാണ് കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. ഒരുപക്ഷേ, കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ജനങ്ങളുമായി ഇത്രയും ചേർന്നുനിന്ന് പ്രവർത്തിച്ച ഒരു നേതാവ് ഉണ്ടായിട്ടുണ്ടാകില്ല. ഒരു പൊതുപ്രവർത്തകൻ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ എത്രത്തോളം കഠിനാധ്വാനിയായിരിക്കണം എന്ന് തെളിയിച്ച നേതാവു കൂടിയാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടികൾ കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ പകരം വയ്ക്കാനില്ലാത്ത സംഭവങ്ങളാണ്.'

''രാഷ്ട്രീയമായിട്ടുള്ള ഭിന്നതകൾ ഉള്ളപ്പോഴും അദ്ദേഹം ആരോടും വിദ്വേഷം പുലർത്തിയിരുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. 2014 - 15 കാലഘട്ടത്തിൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേർന്നുനിന്ന് പലവിഷയങ്ങളിലും ഒന്നിച്ചുനിന്ന് പ്രവർത്തിച്ചു. കസ്തൂരിരംഗൻ വിഷയത്തിലും ഇറാഖിൽനിന്ന് നഴ്‌സുമാരെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിലുമെല്ലാം ഈ സഹകരണം കാണാം. അന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചേർന്നുനിന്ന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ, കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് എത്രമാത്രം സഹകരിച്ചു പ്രവർത്തിക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ്.'

''കേരളത്തിലെ ജനങ്ങളെയാകെ സംബന്ധിച്ചും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. ഏറ്റവും ഒടുവിൽ അദ്ദേഹം ആശുപത്രിക്കിടക്കയിൽ കിടക്കുന്ന സമയത്ത് ഞാൻ കാണാൻ പോയപ്പോഴും അദ്ദേഹം ചോദിച്ചത് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു. ജനങ്ങളോടൊപ്പം ചേർന്നുനിന്ന് ജനങ്ങളുടെ വേദനകളോടൊപ്പം നിൽക്കുന്ന നേതാവിന്റെ നിര്യാണം എല്ലാവരിലും ദുഃഖം ഉണ്ടാക്കുന്ന ഒന്നാണ്. അതിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം, അദ്ദേഹത്തിന്റെ അനുയായികളോടൊപ്പം, കേരളത്തിലെ ജനങ്ങളോടൊപ്പം എന്റെ ദുഃഖവും ഇവിടെ രേഖപ്പെടുത്തുന്നു.' മുരളീധരൻ പറഞ്ഞു.