- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരസ്പരം തമ്മിലടിക്കുന്നരെ ഒന്നിപ്പിക്കുന്നത് കാഴ്ചപ്പാടല്ല സമ്മർദം; അഴിമതിയും കുടുംബാധിപത്യവും ഉൾപ്പെട്ട സഖ്യം രാജ്യത്തെ പരാജയപ്പെടുത്തും'; പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: ഡൽഹിയിൽ ചേർന്ന എൻഡിഎ യോഗത്തിലും പ്രതിപക്ഷ ഐക്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഖ്യം വിജയംകാണില്ലെന്ന് എൻഡിഎ യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കുടുംബാധിപത്യ സ്വഭാവമുള്ളതും അഴിമതിക്കാർ ഉൾപ്പെട്ടതുമായ സഖ്യം രാജ്യത്തെ പരാജയപ്പെടുത്തും. എന്നാൽ എൻഡിഎ രാജ്യത്തിന്റെ പുരോഗതിക്കായാണ് പ്രവർത്തിക്കുന്നത്. രാജ്യം ഒന്നാമത്, വികസനം ഒന്നാമത്, ജനങ്ങളുടെ ശാക്തീകരണം ഒന്നാമത് എന്നതാണ് മുദ്രാവാക്യം. ഗാന്ധിയും അംബേദ്കറും ആഗ്രഹിച്ച സാമൂഹിക നീതി നടപ്പാക്കുകയാണ് എൻഡിഎ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില് 50 ശതമാനത്തിലധികം വോട്ട് നേടി എൻഡിഎ മൂന്നാമതും അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു. 38 പാർട്ടികൾ പങ്കെടുത്ത യോഗം ഡൽഹിയിലെ അശോക് ഹോട്ടലിലാണ് നടന്നത്. കേരളത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും രണ്ട് ചേരികളിലാണ്. എന്നാൽ ബെംഗളൂരുവിൽ അവർ പരസ്പരം ആശ്ലേഷിക്കുന്നു. അവർക്ക് അടുത്തടുത്ത് നിൽക്കാനാകും എന്നാൽ ഒന്നിച്ച് നടക്കാനാവില്ല എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പരിഹസിച്ചു. ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗംചേർന്നതിന് തൊട്ടുപിന്നാലെയാണ് എൻഡിഎ യോഗത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്.
പുതുതായി സഖ്യത്തിലേക്കെത്തിയവരെ മോദി യോഗത്തിൽ സ്വാഗതം ചെയ്തു. ബെംഗളൂരുവിൽ പ്രതിപക്ഷ യോഗം നടന്ന ദിവസം തന്നെ ഡൽഹിയിൽ യോഗം വിളിച്ച് ബിജെപി കരുത്ത് കാട്ടുകയായിരുന്നു. യോഗത്തിനെത്തിയ പ്രധാനമന്ത്രിയെ പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, മുൻ ബിഹാർ മുഖ്യമന്ത്രി ജിതന്റാം മാഞ്ചി, മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ, മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, നാഗാലാൻഡ് മുഖ്യമന്ത്രി നെഫു റിയോ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേരളത്തിൽ നിന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടേണ്ട ഭരണ നേട്ടങ്ങളും പ്രയോഗിക്കേണ്ട തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും.
പ്രതിപക്ഷ സഖ്യത്തിന്റെ പേരുമാറ്റി എന്നുവച്ച് സ്വഭാവത്തിൽ മാറ്റംവരില്ലെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ബെംഗളൂരുവിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് നൽകാൻ തീരുമാനിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിർദ്ദേശിച്ച പേരിലെ വാക്കുകൾക്ക് അർഥം നൽകി വിശാലമാക്കിയത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ആയിരുന്നു.
ജനാധിപത്യം സംരക്ഷിക്കാനാണ് അഭിപ്രായഭിന്നതകൾ മാറ്റി വച്ച് ഒന്നിച്ചതെന്ന് ഖർഗെ വ്യക്തമാക്കി. 'ഇന്ത്യ' സഖ്യത്തെ ജയിക്കാൻ ധൈര്യമുണ്ടോ എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മോദിയെ വെല്ലുവിളിച്ചു. ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ പല ആശയധാരകളിൽ ഉള്ളവർക്കും ഒന്നിച്ചുനിൽക്കാനാകുമെന്നതിന്റെ തെളിവാണ് പ്രതിപക്ഷ ഐക്യമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇത് രാജ്യത്തിന്റെ ശബ്ദം തിരിച്ച് പിടിക്കാനുള്ള സഖ്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനാലാണ് സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതെന്നും രാഹുൽ വ്യക്തമാക്കി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് രണ്ട് ദിവസമായി ബെംഗളുരുവിൽ നടന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുത്തത്.




