തിരുവനന്തപുരം: ജീവിച്ചിരുന്നപ്പോൾ അപ്പയ്ക്ക് ഒരുപാട് ബഹുമതികൾ കിട്ടിയിട്ടുണ്ട്. അപ്പയ്ക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണ് ജനങ്ങൾ നൽകിയ ഈ യാത്രാമൊഴിയെന്ന് ഉമ്മൻ ചാണ്ടിയുടെ ഇളയമകൾ അച്ചു ഉമ്മൻ. അദ്ദേഹത്തെ നെഞ്ചേറ്റുന്ന മലയാളികളിലൂടെ അദ്ദേഹത്തിന് മരണമില്ലെന്നും അച്ചു ഉമ്മൻ വിതുമ്പലോടെ പറഞ്ഞു.

'ജീവിച്ചിരുന്നപ്പോൾ അപ്പയ്ക്ക് ഒരുപാട് ബഹുമതികൾ കിട്ടിയിട്ടുണ്ട്. എന്നാൽ ഇന്ന് കേരളത്തിലെ ജനങ്ങൾ നൽകുന്ന ഈ യാത്രാ മൊഴിയാണ് അപ്പയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ജനങ്ങൾക്കിടയിൽ മാത്രമാണ് അപ്പ ജീവിച്ചിട്ടുള്ളത്. അദ്ദേഹത്തിന് ഏറ്റവും അർഹമായ യാത്രാമൊഴിയാണ് ഇത്.

അദ്ദേഹം ഒരിക്കലം മരിക്കില്ല. ഞങ്ങളിലൂടെ അദ്ദേഹത്തെ സ്‌നേഹിക്കുന്ന കോൺഗ്രസുകാരിലൂടെ, അദ്ദേഹത്തെ നെഞ്ചിലേറ്റിയ മലയാളികളിലൂടെ അദ്ദേഹത്തിന് മരണമില്ല' - കണ്ഠമിടറിക്കൊണ്ട് ഉമ്മൻ ചാണ്ടിയുടെ ഇളയമകൾ അച്ചു ഉമ്മൻ പറഞ്ഞു.

എവിടെയായിരുന്നാലും എന്റെ ഹൃദയത്തിൽ അപ്പ ഉണ്ടാവുമെന്നാണ് അച്ചു ഉമ്മൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നേരത്തെ കുറിച്ചത്. ഉമ്മൻ ചാണ്ടിയുടെ പ്രിയപ്പെട്ട മകളാണ് അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിക്കും മാറിയാമ്മക്കും മൂന്ന് മക്കളാണ്. അച്ചു ഉമ്മൻ, മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ. ഉമ്മൻ ചാണ്ടിയുമൊത്തുള്ള പല നിമിഷങ്ങളും അച്ചു ഉമ്മൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.