മലപ്പുറം: കോട്ടക്കലിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കുഞ്ഞിന്റെ കണ്ണിനാണ് കടിയേറ്റത്. ആതിഫിന്റെ കൃഷ്ണമണിക്കും പരിക്കുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു ആതിഫിനെ തെരുവുനായ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതേസമയം, താമരശ്ശേരി കട്ടിപ്പാറയിൽ തെരുവുനായകൾ ആടിനെ കടിച്ചുകൊന്നു. പിലാകണ്ടി സ്വദേശി ഉസ്മാന്റെ വീടിനുസമീപം മേഞ്ഞുകൊണ്ടിരുന്ന മൂന്ന് ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചത്. കടിയേറ്റ മറ്റ് രണ്ട് ആടുകൾ അവശനിലയിലാണ്.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. പൊതുജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീക്ഷണിയായ തെരുവുനായകളെ നശിപ്പികുന്നതിനാവശ്യമായ നടപടികൾ ഭരണാധികാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.