- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂർ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങളിൽ പ്രതിയെ വ്യക്തമായി കാണാമെന്ന് പൊലീസ്; കുറ്റവാളികൾക്കു പരമാവധി ശിക്ഷയെന്ന് മുഖ്യമന്ത്രി
ഇംഫാൽ: മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിന്റെ വിഡിയോ പ്രചരിച്ച് ഒരു ദിവസം പിന്നിടുന്നതിനിടെയാണ് വ്യാഴാഴ്ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. തൗബാൽ ജില്ലക്കാരനായ ഹെരദാസ് (32) ആണ് അറസ്റ്റിലായത്. വിഡിയോ ദൃശ്യങ്ങളിൽ ഇയാളെ വ്യക്തമായി കാണാമെന്ന് പൊലീസ് പറഞ്ഞു.
മെയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്.
സംഭവത്തിൽ പ്രതികരിച്ച് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങും രംഗത്ത് വന്നു. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വ രഹിതവുമെന്ന് ബീരേൻ സിങ് വിമർശിച്ചു. സംഭവത്തിൽ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി. കർശന നടപടി ഉറപ്പാക്കും. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും വ്യക്തമാക്കി.
സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ മാസങ്ങൾക്ക് ശേഷമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ നടുക്കം രേഖപ്പെടുത്തി നിരവധി പേർ രംഗത്ത് വരികയും ചെയ്തു. സംഭവത്തിൽ നേരത്തെ തന്നെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
നഗ്‌നരാക്കി നടത്തിക്കൊണ്ട് വന്ന സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‌തെയ് വിഭാഗക്കാരാണ് കുറ്റക്കാരെന്ന് ആരോപിച്ച് രംഗത്ത് വന്ന ഇന്റിജീനസ് ട്രൈബൽ ലീഡേഴ്സ് ഫോറം അക്രമികൾ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ആരോപിച്ചിരുന്നു.
സ്ത്രീകൾ ആക്രമണത്തിന് ഇരകളാക്കപ്പെടുന്നതിന് മുൻപ് ഇവിടെ കുക്കി - മെയ്‌തെയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാങ്‌കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബൽ ലീഡേഴ്സ് ഫോറം പറഞ്ഞു. എന്നാൽ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‌കോപിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതാണെന്നും മണിപ്പൂർ പൊലീസ് പറയുന്നു.




