ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ അമിതവേഗത്തിലെത്തിയ കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ഒൻപതുപേർക്ക് ദാരുണാന്ത്യം. പത്തുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ സാർഖേജ്-ഗാന്ധിനഗർ ഹൈവേയിലെ ഇസ്‌കോൺ പാലത്തിലാണ് സംഭവം. മറ്റൊരു വാഹന അപകടത്തെ തുടർന്നുണ്ടായ ആൾക്കൂട്ടത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്.

ഥാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് പ്രദേശത്ത് ആൾക്കൂട്ടം രൂപപ്പെട്ടത്. ഈ ആൾക്കൂട്ടത്തിലേക്കാണ് അമിതവേഗത്തിലെത്തിയ ജാഗ്വാർ പാഞ്ഞുകയറിയത്. അഞ്ചുപേർ തൽക്ഷണവും നാലുപേർ ചികിത്സയിലിരിക്കവേയുമാണ് മരിച്ചത്. പരിക്കേറ്റ പത്തു പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ജാഗ്വാർ ഓടിച്ചിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവർ ഇയാളെ മർദിച്ചതായും സൂചനയുണ്ട്. കാർ അമിതവേഗത്തിൽ ആയിരുന്നെന്നും എന്നാൽ മദ്യപിച്ച് വാഹനം ഓടിച്ചതായി സൂചനയില്ലെന്നും പൊലീസ് അറിയിച്ചു.

മരിച്ചവരിൽ കൂടുതലും മറ്റ് നഗരങ്ങളിൽനിന്നുള്ള യുവാക്കളാണെന്നാണ് വിവരം. ഥാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടവിവരം അറിഞ്ഞതിനെ തുടർന്നാണ് ഇവർ ഇവിടേക്ക് എത്തിച്ചേർന്നത്. നിമിഷങ്ങൾക്കകമാണ് അമിതവേഗത്തിലെത്തിയ ജാഗ്വാർ ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.