പാലക്കാട് : വാളയാർ ചെക്ക് പോസ്റ്റിൽ വേഷം മാറി എത്തി വിജിലൻസ് ഉദ്യോഗസ്ഥർ. വേഷം മാറി കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥർക്ക് അരികിലേക്ക് കൈക്കൂലി പണവുമായി നിരവധി ലോറിക്കാരാണ് എത്തിയത്. വകുപ്പിന്റെ 'ഇൻ' ചെക്‌പോസ്റ്റിൽവിജിലൻസ് ഉദ്യോഗസ്ഥർ കൗണ്ടറിൽ ലോറിക്കാർ നൽകിയ 10,200 രൂപ കൈക്കൂലി പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ കൈക്കൂലിപ്പണം കീശയിലാക്കുന്നതിനുപുറമേ നികുതിപ്പണത്തിലും ഉദ്യോഗസ്ഥർ തിരിമറി നടത്തിയതായി കണ്ടെത്തി.

രസീത് നൽകി സർക്കാരിലേക്ക് ഈടാക്കിയ പണത്തിലാണ് 31,500 രൂപയുടെ കുറവും കണ്ടെത്തിയത്. കൈക്കൂലിപ്പണം കൗണ്ടറിൽ നിറയുമ്പോൾ എടുത്തുമാറ്റുന്നതിനിടെ കണക്കിൽപ്പെട്ട പണവും മാറ്റിയതാകാമെന്ന് കരുതുന്നു. കേരളത്തിലേക്കു വരുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാരിൽനിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടർന്നാണ് വിജിലൻസ് ഡിവൈ.എസ്‌പി. എസ്. ഷംസുദ്ദീന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ വേഷം മാറി ബുധനാഴ്ച അർധരാത്രിയോടെയാണ് ചെക്‌പോസ്റ്റിൽ പരിശോധന തുടങ്ങിയത്. പരിശോധന നടക്കുന്നുവെന്ന് മനസ്സിലാക്കാതെ ഡ്രൈവർമാർ കൗണ്ടറിൽ കൈക്കൂലി നൽകി പോകുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞ്, പരിശോധനാവിവരം പുറത്തറിഞ്ഞതോടെ പണം കൊടുക്കുന്നത് നിർത്തി.

ചെക്‌പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പുറത്തു നടന്ന് പരിശോധനാസംഘങ്ങൾ വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതായും വിജിലൻസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പാലക്കാട് വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർ ഐ. ഫിറോസ്, എൻജിനീയർ കെ.എ. ബാബു, എസ്‌ഐ.മാരായ ബി. സുരേന്ദ്രൻ, കെ. മനോജ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.ആർ. രമേശ്, കെ. ഉവൈസ്, ആർ. സന്തോഷ് ബാലകൃഷ്ണൻ എന്നിവരാണ് പരിശോധന നടത്തിയത്.