അമ്പലപ്പുഴ: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു സ്ഥിരമായി മോഷണം നടത്തുന്ന ചാലക്കുടി മടപ്പറമ്പുമഠം വീട്ടിൽ വാസുദേവൻ വെങ്കിട്ട് (56) പിടിയിലായി. ബുധനാഴ്ച പുലർച്ചെ നീർക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ച സംഭവത്തിലാണ് ഇയാൾ പൊലീസിന്റെ വലയിലാകുന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച പ്രതിയുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തു നിന്നായിരുന്നു അറസ്റ്റ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമ്പലപ്പുഴ നീർക്കുന്നം കളപുരയ്ക്കൽ ക്ഷേത്രത്തിലെ പൂജാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ വാസുദേവനെ 6 മാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ചാലിക്കുടിയിലും സമാന മോഷണക്കേസുകൾ ഉള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. എസ്‌ഐ ടോൾസൺ പി.ജോസഫ്, ഗ്രേഡ് എസ്‌ഐ നവാസ്, എഎസ്‌ഐ ടി.സജിത്ത്കുമാർ, സിപിഒമാരായ ജോസഫ് ജോയി, മുഹമ്മദ് ഹുസൈൻ, അനീഷ്, വിനിൽ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.