ആലപ്പുഴ: കുട്ടനാട്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടം. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പുലർച്ചെ 3.45-ഓടെയാണ് കാർ കത്തുന്നത് കണ്ടത്. ഇതോടെ നാട്ടുകാർ പൊലീസിലും അഗ്‌നിരക്ഷാ സേനയിലും വിവരം അറിയിച്ചു. അഗ്‌നിശമന സേനയെത്തി നാലേകാലോടെ തീപൂർണമായും അണച്ചു. തീയണഞ്ഞതിനു പിന്നാലെയാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്.

കാർ പൂർണമായും കത്തിയിരുന്നു. സംഭവത്തിൽ എടത്വ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എടത്വാ സ്വദേശി ജെയിംസ്‌കുട്ടിയുടേതാണ് കാർ.