- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് സുപ്രീം കോടതി ബെഞ്ചിനായി ലോക്‌സഭയിൽ ചോദ്യമുയർത്തി ഹൈബി; പ്രത്യേക പ്രസ്താവന സഭയുടെ മേശപ്പുറത്ത് വെച്ച് അർജുൻ റാം മേഘ്വാൾ
കൊച്ചി: എറണാകുളത്ത് സുപ്രീംകോടതി ബെഞ്ച് എന്ന ആവശ്യം വീണ്ടും ലോക്‌സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എംപി. 2020ൽ സ്വകാര്യ ബില്ലിലൂടെ വിഷയം ലോകസഭയിലെത്തിച്ച ശേഷം കഴിഞ്ഞ ദിവസവും പാർലമെന്റ് സമ്മേളനത്തിൽ വിഷയം ചോദ്യോത്തരവേളയിൽ ഉന്നയിക്കുകയായിരുന്നു.
സുപ്രീംകോടതി ബെഞ്ച് കൊച്ചിയിൽ സ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം സർക്കാറിന് അറിയാമോ എന്ന ചോദ്യത്തെ തുടർന്ന് നിയമ വകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ്വാൾ പ്രത്യേക പ്രസ്താവന സഭയുടെ മേശപ്പുറത്ത് വെച്ചു.
ആവശ്യം അനുവദിക്കുന്നതായോ നിരസിക്കുന്നതായോ പറയാതെ, സുപ്രീംകോടതി ബെഞ്ചുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച റിട്ട് പെറ്റീഷൻ ഭരണഘടന ബെഞ്ചിന് റഫർ ചെയ്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
ദേശീയ അപ്പീൽ കോടതി എന്ന നിലയിൽ സുപ്രീംകോടതിയുടെ ബെഞ്ചുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആധികാരികമായ വിധിന്യായത്തിനായി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു സുപ്രീം കോടതി തന്നെ റഫർ ചെയ്തിട്ടുള്ളതാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ അവതരിപ്പിച്ച സ്വകാര്യ ബിൽ വിവാദമായിരുന്നു. കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയിൽ, തലസ്ഥാനമായ തിരുവനന്തപുരത്തു വന്നുപോകുന്നത് വടക്കൻ ജില്ലകളിൽ നിന്നുള്ളവർക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഹൈബി അവതരിപ്പിച്ച ബില്ലിൽ ചൂണ്ടിക്കാട്ടുന്നത്.




