തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ഒരു വിഭാഗം പ്രേക്ഷകർ ഉന്നയിച്ച വിമർശനമായിരുന്നു കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തി വിജയം നേടിയ മാളികപ്പുറം സിനിമ അവഗണിക്കപ്പെട്ടു എന്നത്. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരത്തിന് അർഹയായിരുന്നു മാളികപ്പുറത്തിൽ അഭിനയിച്ച ദേവനന്ദ എന്നതായിരുന്നു വിമർശനങ്ങളുടെ കാതൽ.

പ്രമുഖർ അടക്കം സോഷ്യൽ മീഡിയയിൽ പലരും ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. സംസ്ഥാന അവാർഡ് പ്രഖ്യാപനം സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് പറയുന്നു അഭിലാഷ്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്', അഭിലാഷ് പിള്ള കുറിച്ചു.

നേരത്തെ മികച്ച ബാലതാരമായി തിരഞ്ഞെടുത്ത കുട്ടിയെ അഭിനന്ദിച്ച ദേവനന്ദയും രംഗത്തെത്തിയിരുന്നു. ' ഒരുപാട് പേര് മത്സരിക്കും, അതിൽ അവാർഡ് ഒരാൾക്കല്ലേ കൊടുക്കാൻ പറ്റൂ? അവാർഡ് നേടിയ ആൾക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു. എനിക്ക് ഏറ്റവും സന്തോഷമുള്ളത് മികച്ച നടനുള്ള അവാർഡ് കിട്ടിയത് പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിനാണ്. 2018 സിനിമയിൽ എന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടി. അവാർഡ് കിട്ടിയ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. എന്നാണ് ദേവനന്ദ പ്രതികരിച്ചത്.

അതേസമയം വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെൺ) പുരസ്‌കാരം ലഭിച്ചത്. ടൊവിനോ തോമസിനെ നായകനാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണിത്. തന്മയയുടെ പ്രകടനത്തെക്കുറിച്ച് ജൂറിയുടെ വിലയിരുത്തൽ ഇങ്ങനെ- 'അരക്ഷിതവും സംഘർഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിന്'.

ടൊവിനോ തോമസ് നായകനാവുന്ന വഴക്കിൽ കനി കുസൃതി, സുദേവ് നായർ, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ടൊവീനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക്‌ചേഴ്‌സും സംയുക്തമായാണ് നിർമ്മാണം. അതേസമയം മാളികപ്പുറത്തിൽ കല്യാണി എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. ശബരിമലയിൽ പോകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ദേവനന്ദയുടെ ആഗ്രഹത്തിൽ ഊന്നിയായിരുന്നു ചിത്രത്തിന്റെ കഥാഗതി.