കോട്ടയം: ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ മാതൃകകൾ എക്കാലവും പ്രസക്തമെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. ഉമ്മൻ ചാണ്ടി സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു. പൊതുജീവിതത്തിൽ അദ്ദേഹം പുലർത്തിയ സത്യസന്ധത മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരും തയ്യാറാകണം. കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും ഉണ്ടായ കനത്ത നഷ്ട്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എപ്പോഴും പുഞ്ചരിയോടെ മാത്രം കണ്ടിരുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അനുകരണീയമാണെന്ന് സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് നൽകിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതിഫലമാണ് വിലാപയാത്രയിൽ കണ്ടത്. കല്ലറ സന്ദർശിച്ച ശേഷം സച്ചിൻ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയേയും മക്കളേയും ആശ്വസിപ്പിച്ചു.

'കാലത്തിനുമുൻപേ സഞ്ചരിച്ച വ്യക്തിയും ജാതിമതഭേദമന്യേ ആളുകളെ ഒരുപോലെ കണ്ട രാഷ്ട്രീയനേതാവുമാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ട് തന്നെയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ഒഴുകിയെത്തുന്നത്. 53 കൊല്ലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തിയും ബന്ധങ്ങളും മനസിലാക്കാൻ കഴിയും', സച്ചിൻ പൈലറ്റ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ മാതൃകകൾ എക്കാലവും പ്രസക്തമാണ്, അവ പിന്തുടരാൻ എല്ലാവരും ശ്രമിക്കണം. അദ്ദേഹത്തിന്റെ രാഷ്ട്രീയം എളിമയുടേതും സുതാര്യതയുടേതുമായിരുന്നു. പൊതുജീവതത്തിൽ അദ്ദേഹം പുലർത്തിയ സത്യസന്ധത മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരും തയ്യാറാകണമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.