- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; 55 ലക്ഷം രൂപ വരുന്ന 930 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ; സ്വർണം ഒളിപ്പിച്ചിരുന്നത് ജ്യൂസ് മിക്സറിൽ
കണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. വിമാനത്താവളത്തിൽ നിന്നും 55 ലക്ഷം രൂപ വരുന്ന 930 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. ധർമ്മടം സ്വദേശി മുഹമ്മദ് ഷാഹിൽ നിന്നുമാണ് എയർപോർട്ട് പൊലീസ് സ്വർണം പിടികൂടിയത്. ജ്യൂസ് മിക്‌സറിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണം.
എയർപോർട്ടിൽ നിന്നുംപുറത്തിറങ്ങിയ ഇയാളെ പൊലിസ് നിരീക്ഷിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലിസ് പരിശോധന നടത്തിയപ്പോഴാണ് ഇയാൾ കൊണ്ടുവന്ന മിക്സിക്കുള്ളിൽ നിന്നും സ്വർണം കണ്ടെത്തിയത്. തുടർന്ന് എയർപോർട്ട് പൊലിസ് സ്റ്റേഷനിലെത്തിച്ച് നിയമനടപടികൾ സ്വീകരിച്ചു.
മട്ടന്നൂർ എയർപോർട്ട് പൊലിസ് സ്റ്റേഷനിലെ എസ്. ഐമാരായ പ്രശാന്ത്,നൗഷാദ്മൂപ്പൻ, എ. എസ്. ഐ മാരായ സന്ദീപ്, മഹേഷ്, ഗീതാഞ്ജലി, എസ്.സി. പി.ഒ മാരായ സലീം, ശ്രീജിനേഷ്, ഉല്ലാസൻ, റെനീഷ്, റെജിൻ, ജസ്ന എന്നിവരടങ്ങിയ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത്കുമാറിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക സ്‌ക്വാഡും അന്വേഷണത്തിൽ പങ്കെടുത്തു.
ചെക്ക് ഔട്ട് കഴിഞ്ഞിറങ്ങുന്ന യാത്രക്കാരിൽ നിന്നും ഇതുവരെയായ മൂന്ന് കോടിയിലേറെ വിലമതിപ്പിക്കുന്ന സ്വർണടക്കത്ത് എയർപോർട്ട് പൊലിസ് പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വർണവേട്ട ശക്തമാക്കുമെന്ന് എയർപോർട്ട് പൊലിസ് അറിയിച്ചു. ഇതേ സമയം ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായ യാത്രക്കാരൻ റിമാൻഡിലായി. ഷാർജയിൽ നിന്നും ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ മലപ്പുറം അഞ്ചച്ചവിടി സ്വദേശി അന്നാരത്തൊടിക ഷംനാസ് ആണ് അറസ്റ്റിലായത്. ഡിആർഐക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് ഷംനാസിൽ നിന്നും സ്വർണം കണ്ടെടുത്തത്.




