- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലപ്പൊഴിയിൽ ഇന്നലെയും ബോട്ട് അപകടം; പുലിമുട്ടിലേക്ക് ഇടിച്ചുകയറി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി
ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ ഇന്നലെയും ബോട്ട് അപകടത്തിൽപെട്ടു. ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട ബോട്ട് തുറമുഖ മുനമ്പിലെ പുലിമുട്ടിലേക്ക് ഇടിച്ചുകയറി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ അഭി(38), മൊയ്തീൻ(51)എന്നിവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം.
അപകടത്തിൽ ബോട്ടിന് സാരമായ കേടുപാടുണ്ടായി. ഉപകരണങ്ങളും പിടിച്ച മീൻ ശേഖരവും നഷ്ടമായി. മീൻ പിടിച്ച് മടങ്ങുന്നതിനിടെ അഴിമുഖചാനലിന് അടുത്തുവച്ച് ബോട്ടിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പുലിമുട്ടിൽ ഇടിച്ചുകയറി കിടന്ന ബോട്ട് കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് കരയ്ക്കടുപ്പിച്ചത്. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി അനിലിന്റെ നജാത്ത് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. നാലുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബോട്ടാണു മുതലപ്പൊഴി തുറമുഖ മുനമ്പിൽ അപകടത്തിൽ പെടുന്നത്.