പൽനാട്: തമിഴ് ചലച്ചിത്ര താരം സൂര്യയുടെ ജന്മദിനാ ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകർക്ക് ദാരുണാന്ത്യം. എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം. സൂര്യയുടെ പിറന്നാളിന്റെ ഭാഗമായി ഫ്‌ളെക്‌സ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ആരാധകർക്ക് വൈദ്യുതാഘാതമേറ്റത്.

ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികളാണ്. ഇന്നാണ് സൂര്യയുടെ ജന്മദിനം. ഇതിനു മുന്നോടിയായി ശനിയാഴ്ച രാത്രിയാണ് ആരാധകർ ചേർന്ന് പൽനാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണിൽ ഫ്‌ളെക്‌സ് സ്ഥാപിച്ചത്. ഫ്‌ളെക്‌സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയിൽത്തട്ടിയാണ് ഇരുവർക്കും ഷോക്കേറ്റതെന്നാണു വിവരം.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി നരസാരപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.