മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ് ഉദരംപൊയിൽ കെട്ടുങ്ങൽ ചിറയിൽ പുഴയിലേക്ക് ചാഞ്ഞ് നിൽക്കുന്ന തെങ്ങിന്റെ മുകളിൽ കയറി താഴേക്ക് ചാടാനുള്ള ശ്രമത്തിനിടെ യുവാക്കൾക്ക് പരിക്കേറ്റു. തെങ്ങ് മുറിഞ്ഞ് പുഴയിലേക്ക് വീണ് നാല് യുവാക്കൾക്കാണ് പരിക്കേറ്റത്. കരുളായി സ്വദേശികളായ യുവാക്കളാണ് അപടത്തിൽ പെട്ടത്.

വിനോദസഞ്ചാരത്തിന് എത്തിയവർ തെങ്ങ് പൊട്ടി വീണ് അപകടത്തിൽ പെടുകയായിരുന്നു. വലിയ തെങ്ങിന് മുകളിൽ കയറി വെള്ളത്തിലേക്ക് ചാടാനുള്ള സാഹസിക ശ്രമത്തിനിടെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

പുഴയിൽ വെള്ളം കൂടുതലായിരുന്നെങ്കിലും ഭാഗ്യവശാൽ ആർക്കും ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. യുവാക്കളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ പ്രദേശമാണിവിടം. തെങ്ങിൽ കയറി പുഴയിലേക്ക് ചാടി കുളിക്കാൻ നിരവധി യുവാക്കളാണ് ഇവിടെ എത്താറുള്ളത്.