റാന്നി: കാണാതായ വയോധികന്റെ മൃതദേഹം പമ്പാനദിയിൽ കണ്ടെത്തി. മാടമൺ മണ്ണുങ്കൽ ഗോപിനാഥൻ നായർ(60)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഗോപിനാഥൻ നായരെ വീട്ടിൽ നിന്നുമാണ് കാണാതായത്. ശനിയാഴ്ച രാവിലെ മുതൽ ഗോപിനാഥനെ മാടമൺ പ്രദേശത്ത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.

മാടമൺ ക്ഷേത്രക്കടവിൽ ഇദ്ദേഹത്തിന്റെ വസ്ത്രം പ്രദേശവാസികൾ തിരിച്ചറിഞ്ഞു. പെരുനാട് പൊലീസിൽ വിവരം അറിയിക്കുകയും റാന്നി ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ ആദ്യ ദിവസത്തെ തെരച്ചിലിൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച മൃതദേഹം മാടമൺ വള്ളക്കടവിൽ അടിഞ്ഞു. മൃതദേഹം പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.