ഷോളയൂർ: പ്രദേശവാസിയുടെ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആദിവാസി സ്ത്രീ മരിച്ചു. അട്ടപ്പാടി ഷോളയൂർ വെച്ചപ്പതിക്കടുത്ത് വീരകൽമേട്ടിലെ മാരി (68) ആണു മരിച്ചത്. പ്രദേശവാസിയുടെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ മാരി ഇന്നലെ രാത്രി ഏഴിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുക ആയിരുന്നു.

ജൂലൈ 19നു രാത്രിയാണു മാരിയും വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളും ദാരുണമായി ആക്രമിക്കപ്പെട്ടത്. പ്രദേശവാസിയായ സെന്തിൽകുമാറാണ് ആക്രമിച്ചത്. മാരിയെയും മകൾ ലക്ഷ്മിയെയും ലക്ഷ്മിയുടെ മരുമകൾ ഉഷയെയും സെന്തിൽകുമാർ വീട്ടിൽ കയറി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റു ചോരവാർന്നു വീട്ടിൽ കിടന്നിരുന്ന ഇവരെ ഷോളയൂർ എസ്‌ഐ ഫൈസൽ കോരോത്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്.

മൂന്നു പേരെയും അര കിലോമീറ്ററോളം ചുമന്നും പിന്നീട് മൂന്നു കിലോമീറ്റർ പൊലീസ് ജീപ്പിലും ആംബുലൻസിലുമായാണ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലുമെത്തിച്ചത്. ലക്ഷ്മിയും ഉഷയും ചികിത്സയിലാണ്. പ്രതി സെന്തിൽകുമാർ റിമാൻഡിലാണ്.