പേരാമംഗലം: സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിവരമറിഞ്ഞ് സന്തോഷം പങ്കിടാൻ കേക്ക് വാങ്ങാനായി പോകവെ റോഡപകടത്തിൽപ്പെട്ട ക്യാമറാ മാൻ മരിച്ചു. ബൈക്കിൽ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അടാട്ട് കൃഷ്ണപുരത്ത് അതുൽകൃഷ്ണ(25)യാണ് മരിച്ചത്. ഒട്ടേറെ ഹ്രസ്വചിത്രങ്ങളുടെ ക്യാമറാ മാനാണ് അതുൽ.

സുഹൃത്ത് അജയൻ അടാട്ടിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിവരമറിഞ്ഞ് സുഹൃത്തുക്കളുമായി ആഘോഷിക്കാൻ കേക്ക് വാങ്ങാൻ അമല സെന്ററിലേക്ക് പോകുമ്പോൾ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. പരിക്കേറ്റ് അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ മരിച്ചു.

അമല ആശുപത്രിക്കു സമീപം ചിറ്റിലപ്പിള്ളി റോഡ് ചേരുന്ന ജങ്ഷനിലായിരുന്നു അപകടം. ബൈക്കിൽ ചിറ്റിലപ്പിള്ളി ഭാഗത്തുനിന്ന് അമലയിലേക്ക് തിരിയുന്നതിനിടെയാണ് ലോറി ഇടിച്ചത്. അച്ഛൻ: അശോകൻ. അമ്മ: പ്രീത. സഹോദരൻ: അമൽകൃഷ്ണ.