തൃശൂർ: ആനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പാലാ സ്വദേശി ജോണി ആണ് പിടിയിലായത്. 14 പേർ ഉൾപ്പെട്ട കേസിൽ ഇതുവരെ അഞ്ച് പേരെയാണ് പിടികൂടിയത്. കഴിഞ്ഞ 14നാണ് പന്നിക്ക് വച്ച വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞത്. ആരും അറിയാതെ ആനയെ കുഴിച്ചിടാൻ സ്ഥലമുടമയായ റോയ് പാലായിൽനിന്ന് ഒരു സംഘത്തെ വിളിച്ച് വരുത്തുകയായിരുന്നു.

ഈ സംഘത്തിലെ അംഗമാണ് ഇന്ന് അറസ്റ്റിലായ ജോണിയെന്ന് പൊലീസ് പറഞ്ഞു. റോയിയാണ് കേസിലെ മുഖ്യപ്രതി. ഇയാളും സഹായിയായ ജോബിയും നേരത്തെ കീഴടങ്ങിയിരുന്നു. ഇതിനിടെ റോയ് അറിയാതെ ആനക്കൊമ്പ് വെട്ടിക്കൊണ്ടുപോയ മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടിമറ്റം സ്വദേശി അഖിൽ, വിനയൻ എന്നിവരാണ് പിടിയിലായത്.