അമ്പലവയൽ: വയനാട് അമ്പലവയലിൽ കുമ്പളേരിക്ക് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയിൽ വർഗീസിന്റെയും ഷീജയുടെയും മകളായ സോന (19) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം..

വീടിനുസമീപത്തായി മണ്ണുനീക്കം ചെയ്ത് കാർഷികാവശ്യത്തിനായി നിർമ്മിച്ച കുളത്തിലായിരുന്നു അപകടം. വർഗീസും മക്കളും ചേർന്ന് നീന്താനിറങ്ങിയപ്പോൾ സോന ചെളിയിൽ താഴ്ന്നു പോവുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരുൾപ്പടെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ബത്തേരിയിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി ഏഴുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയാണ് സോന.