മലപ്പുറം: മലപ്പുറം കാളികാവിൽ ബസ് യാത്രക്കിടയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച 38കാരിയായ തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മധുരൈ അളകനല്ലൂർ കറുപ്പ് സാമി കോവിൽ പൂമാർക്കറ്റിലെ നാഗമ്മ എന്ന ഗംഗാദേവിയാണു പിടിയിലായത്. ഇന്നു നിലമ്പൂരിൽ നിന്ന് കാളികാവിലേക്ക് വരികയായിരുന്ന ബസിൽ വെച്ച് മാളിയേക്കൽ ഉരലുമടക്കലിലെ പള്ളാട്ടിൽ ആയിഷയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് യുവതിയെ കയ്യോടെ പിടികൂടിയത്.

രണ്ട് പവൻ തൂക്കമുള്ള മാല പൊട്ടിക്കുന്നത് മറ്റ് യാത്രക്കാർ കണ്ടതിനാലാണ് മാല നഷ്ടപ്പെടാതെ പിടികൂടാനായത്. കാളികാവ് ജങ്ഷൻ ബസ് സ്റ്റാൻഡിലെത്തിയ തമിഴ് നാട്ടുകാരി ശുചി മുറിയിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

2018 ലും സമാന സംഭവുമായി ബന്ധപ്പെട്ട് ഇതേ സ്ത്രീ കാളികാവിൽ പിടിയിലായിട്ടുണ്ട്. പരാതി ഇല്ലാത്തതിനാൽ ആ സമയത്ത് കേസെടുത്തിരുന്നില്ല. അന്ന് കൂടെ ഉണ്ടായിരുന്ന സ്ത്രീ തിങ്കളാഴ്ചയും ഇവരോടൊപ്പമുണ്ടായിരുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
യാത്രക്കിടയിൽ മോഷണം പതിവാക്കിയ നാടോടി സംഘാംഗമാണ് പിടിയിലായതെന്നാണ് നിഗമനം. കാളികാവ് സി ഐ. എം ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംശയം തോന്നിക്കാത്ത തരത്തിലാണ് നാടോടി സ്ത്രീയുടെ പെരുമാറ്റം. മലയാളികളെ പോലെ വസ്ത്രം ധരിച്ചാണ് ഇവർ ബസിൽ കയറുന്നത്. പെട്ടന്ന് വേഷം മാറുന്നതിന് രണ്ട് വസ്ത്രങ്ങൾ ഒരുമിച്ച് ധരിക്കുകയും ചെയ്തും. മോഷണ സാധനം കൈവശപ്പെടുത്തിക്കഴിഞ്ഞാൽ ബസിൽ നിന്ന് ഇറങ്ങി മുകളിൽ ധരിച്ച വസ്ത്രം പെട്ടന്ന് അഴിച്ചുമാറ്റി അടുത്ത ബസിൽ യാത്ര തുടരുന്ന രീതിയാണുള്ളത്. മോഷണ സാധനങ്ങൾ അടി വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയാണ് ഇവരുടെ രീതി. പിടിക്കപ്പെട്ടാൽ പരാതിക്കാരില്ലാതിരിക്കുന്നതും ശിക്ഷ വളരെ കുറവുള്ളതുമായതിനാലുമാണ് വീണ്ടും മോഷണം പതിവാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.