തിരുവനന്തപുരം: കല്ലമ്പലത്ത് ഒൻപത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.

വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ കൂട്ടിക്കൊണ്ടു പോയ മണികണ്ഠൻ പീഡനത്തിന് ഇരയാക്കുക ആയിരുന്നു. വർണ്ണ മത്സ്യത്തെ നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠൻ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. കുട്ടിയുടെ മാതാപിതാക്കൾ ബലിതർപ്പണത്തിന് പോയ സമയത്ത് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം വീട്ടിൽവെച്ച് കുട്ടി ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ കുട്ടിയുടെ മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം തുറന്നുപറഞ്ഞത്.

കുട്ടിയുടെ മാതാവ് കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.