തൃശ്ശൂർ: കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ പൊരിങ്ങൽക്കുത്ത് ഡാം ഉടൻ തുറക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയർന്നതോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാൻ കളക്ടർ നിർദേശിച്ചത്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററിൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. പ്രദേശവാസികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയ ശേഷം ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഉടൻ താഴ്‌ത്താനാണ് നിർദ്ദേശം.

അതേസമയം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.