കൊച്ചി:ഉച്ചഭക്ഷണം കഴിക്കവെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി കുഴഞ്ഞുവീണ വിദ്യാർത്ഥിനിക്കു അദ്ധ്യാപിക രക്ഷകയായി. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഹാദിയ ഫാത്തിമയാണ് ജീവന് വേണ്ടി പിടഞ്ഞത്. ഇതുകണ്ട് ഓടിവന്ന അദ്ധ്യാപികയായ കെ.എം.ഷാരോണ് കൃത്രിമ ശ്വാസം നൽകി രക്ഷിക്കുക ആയിരുന്നു.

ഭക്ഷണത്തിനിടെ ഹാദിയ ശ്വാസംമുട്ടി പിടയുന്നതു കണ്ടു കുട്ടികളും മറ്റ് അദ്ധ്യാപകരും പകച്ചു പോയിരുന്നു. ഈ സമയത്ത് ഓടിവന്ന അദ്ധ്യാപിക സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിക്കുക ആയിരുന്നു. സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് വിഭാഗത്തിന്റെ ചുമതലയുള്ള ഷാരോൺ പാഞ്ഞെത്തി അൽപം സമയം പോലും പാഴാക്കാതെ കുട്ടിക്കു സിപിആർ നൽകിയതോടെ അപകടം ഒഴിവാകുക ആയിരുന്നു.

സ്‌കൂൾ അസംബ്ലിയിൽ മാനേജർ എച്ച്. ഇ. മുഹമ്മദ് ബാബു സേട്ടിന്റെ നേതൃത്വത്തിൽ ഷാരോണിനെ ആദരിച്ചു. ഹെഡ്‌മാസ്റ്റർ എസ്. ലാജിദ്, പ്രിൻസിപ്പൽമാരായ രജനി കെ.നായർ, പി.എച്ച്.ഷാഹിന, അദ്ധ്യാപകരായ എൻ.എ.അനസ്, എം.എ.മുംതാസ്, ടി.യു. സാദത്ത് എന്നിവർ പ്രസംഗിച്ചു.