കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ച് രക്ഷപ്പെടുമായിരുന്നെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. പ്രത്യേക സംഘം (എസ്‌ഐടി) കേസ് അന്വേഷിച്ചതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കമുള്ള കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽനിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുകയായിരുന്നു പ്രതികൾ ചെയ്തത്. കേസിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണം. വനംവകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കിൽ വനനിയമം അനുസരിച്ച് 500 രൂപ പിഴയും ആറ് മാസം തടവുമാകും പരമാവധി ശിക്ഷ ലഭിക്കുമായിരുന്നത്.

എന്നാൽ തങ്ങൾ അതല്ല ആഗ്രഹിച്ചത്. പ്രതികൾ കോടതി നടപടികളിൽനിന്ന് രക്ഷപ്പെടാൻ ആവശ്യമായ പഴുതുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.