ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ 18 പേർ അറസ്റ്റിൽ. ബിജെപി മഹിളാ മോർച്ചയുടെയും തൃണമൂൽ കോൺഗ്രസിന്റെയും പ്രവർത്തകരാണ് പിടിയിലായത്. സാംഗ്മയുടെ ടുറാ മേഖലയിലെ ഓഫീസിന് നേർക്കാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. കല്ലേറിലും ആക്രമണത്തിലും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

സംഘർഷ സാധ്യത ഉള്ളതിനാൽ പ്രദേശത്ത് ഇപ്പോഴും കർഫ്യൂ തുടരുകയാണ്. ടുറായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഓഫീസിലുണ്ടായിരുന്ന സമയത്ത് നടന്ന ആക്രമണം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമായി ടുറായെ നിശ്ചയിക്കണമെന്നും സർക്കാർ ജോലികളിൽ സംവരണം വേണമെന്നും ആവശ്യപ്പെട്ട് നിരാഹാര സത്യഗ്രഹം നടത്തിവരുന്ന ഗാരോ മലനിവാസികളുടെ സംഘടനയാണ് അതിക്രമം നടത്തിയത്. സമരക്കാരുമായി സാംഗ്മ ഓഫീസിന് വെളിയിൽ വച്ച് സംസാരിക്കുന്നതിനിടെ കല്ലേറ് ആരംഭിക്കുകയായിരുന്നു.