തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രതിസന്ധി പരിഹരിക്കാൻ പാലക്കാട്മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിൽ 97 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കും.

അധികബാച്ചുകൾക്ക് 15 കോടിയിലേറെ രൂപ നീക്കിവെക്കേണ്ടിവരും. മുൻവർഷങ്ങളിലെ 81 താത്കാലിക ബാച്ചുകൾ ഈ വർഷം തുടരാനും 30 ശതമാനംവരെ സീറ്റു വർധനയ്ക്കും പ്രവേശനത്തിന്റെ തീരുമാനിച്ചിരുന്നു. ഇതിനുശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതലയോഗം, തെക്കൻ ജില്ലകളിലെ 14 ബാച്ചുകൾ വടക്കൻ ജില്ലകളിലേക്കു പുനഃക്രമീകരിക്കാനും തീരുമാനിച്ചു.

പ്രവേശനം മൂന്നു മുഖ്യഘട്ടം പൂർത്തിയാക്കി രണ്ടാമത്തെ സപ്ലിമെന്ററി ഘട്ടം നടക്കുമ്പോഴും മലബാർ ജില്ലകളിൽ സീറ്റുക്ഷാമമുണ്ടെന്നാണ് കണക്കുകൾ. അധിക ബാച്ചിനായി മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാവും.