വയനാട്: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ബുധനാഴ്ച (ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു. കണ്ണൂർ പട്ടുവത്ത് തോട്ടിൽ വീണ് വയോധികയാണ് മരിച്ചത്. തിരുവനന്തപുരം തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി. കോഴിക്കോട് ബാലുശേരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ കണ്ടെത്താനായില്ല. പാലക്കാട് ചളവറയിൽ മിന്നൽ ചുഴലിയിൽ പതിനാല് വീടുകൾ ഭാഗികമായി തകർന്നു.