പയ്യാവൂർ: കാട്ടാനശല്യത്തിനെതിരെ പയ്യാവൂർ പാടാം കവലയിൽ പ്രതിഷേധമിരമ്പി. പ്രദേശവാസികളുടെയും കർഷകരുടെയും വൈദികരുടേയും നേതൃത്വത്തിൽ പാടാംകവല ഫോറസ്റ്റ് ഓഫീസിനു മുൻപിലാണ് പ്രതിഷേധധർണ നടത്തിയത്. കാട്ടാനകളാൽ ദുരിതവുമായി ജീവിതം കഴിച്ചുകൂട്ടുന്ന മലയോര നിവാസികളുടെ സങ്കടമാണ് പ്രതിഷേധമായി അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചത്.

പ്രതിഷേധിച്ച് പരിചയമില്ലാത്ത മലയോര കർഷകജനത പ്രക്ഷോഭത്തിനിറങ്ങേണ്ടി വന്നത് തുടർച്ചയായുണ്ടാവുന്ന കാട്ടാനകളുടെ ആക്രമണം മൂലമാണ്. പുറത്ത് പോയി സ്വന്തം വീടിനുള്ളിൽ പ്രവേശിപ്പിക്കണമെങ്കിൽ മുറ്റത്തു നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് ഓടിക്കേണ്ട ഗതികേടിലാണെന്ന് സമരത്തിൽ പങ്കെടുത്ത വീട്ടമ്മമാർ പറഞ്ഞു.

പൊട്ടിക്കേണ്ട പടക്കം വീടിനുള്ളിലാകുമ്പോൾ മറ്റ് വഴികൾ തേടേണ്ട ഗതികേടിലാണ് ഈ നാട്ടിലെ ജനത. വീടിന് പുറത്ത് ഇറങ്ങുമ്പോൾ പടക്കങ്ങൾ കൈയിൽ കരുതേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കൊച്ചു കുട്ടികളേയും സ്ത്രീജനങ്ങളേയും പടക്കം പൊട്ടിക്കാനുള്ള ബാലപാഠങ്ങൾ ഈ നാട്ടുകാർ പഠിച്ചു കൊണ്ടിരിക്കുന്നു.

വീടിന്റെ മുറ്റത്ത് നിരന്തരം ആനകളുടെ സന്ദർശനം മൂലം കിണറിനു സമാനമായ നിരവധി കുഴികളാണ്. എപ്പോഴും കോടമഞ്ഞിനാൽ നിറഞ്ഞിരിക്കുന്ന മലയോര മേഖലയിൽ തൊട്ടടുത്തു നിൽക്കുന്ന കാട്ടാനകളെ കാണാൻ സാധിക്കാറുമില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങണമെങ്കിൽ നല്ല ധൈര്യം ഒപ്പം ഉണ്ടാവണം. പയ്യാവൂർ - കാഞ്ഞിരക്കൊല്ലി റോഡിലെ യാത്രയിൽ പലപ്പോഴും കാട്ടാനകൾ നിത്യ കാഴ്ചയായി മാറുകയാണ്. അപകടങ്ങൾ പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം ഒഴിഞ്ഞു മാറുകയാണ്.

കഴിഞ്ഞ ദിവസം പാടാംകവല പള്ളി വികാരിക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായതോടെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ ജനവാസ മേഖലയിലെ കാട്ടാനകളെ കാട്ടിലേക്ക് തുരത്തലും ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും എത്തിയ വനപാലകരാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് പയ്യാവൂർ പൊലീസും പാടാംകവലയിലെത്തിയിരുന്നു.

സ്വന്തമായി വാഹനമില്ലാത്ത പാടാംകവല ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കാട്ടാനകളെ തുരത്തണമെങ്കിൽ നാട്ടുകാർ വാഹന സൗകര്യം ഒരുക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അലംഭാവത്തിന് എതിരേയാണ് പ്രതിഷേധം ശക്തമായത്. വന്യമൃഗങ്ങളുടെ ആക്രമത്തിൽ പൊറുതിമുട്ടിയ കർഷകകുടുംബങ്ങൾ സ്വന്തം കൃഷിയിടങ്ങളെ ഉപേക്ഷിച്ച് ടൗണുകളിലേക്ക് സ്ഥലം മാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നൂറോളം കുടുംബങ്ങൾ മലയോരത്തു നിന്നും കിടപ്പാടം ഉപേക്ഷിച്ച് പോയിക്കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ വനാതിർത്തികളിൽ സോളാർ തൂക്ക് വേലി സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചിട്ടുണ്ടെങ്കിലും ആനകൾ ഇപ്പോഴും ജനവാസ മേഖലയിൽത്തന്നെ തുടരുന്നതാണ് പ്രതിഷേധം ശക്തമാക്കാൻ സാഹചര്യം ഉണ്ടായിട്ടുള്ളത്.

ആനകളെ കാട്ടിലേക്ക് തുരത്തുന്ന വനപാലകർ ജീവൻ പണയം വെച്ച് പ്രവർത്തിക്കുമ്പോഴും കാട്ടാനകൾ വീണ്ടും തിരികെ എത്തുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പ്രതിഷേധ ധർണയ്ക്ക് നേതൃത്വം നൽകിയ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് പ്രതിഷേധ ധർണയിൽ പങ്കെടുത്തത്.