തിരുവനന്തപുരം: ഒരു വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ വൻപയർ പുറത്തെടുത്തു. കളിച്ചുകൊണ്ടിരിക്കേ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ കിംസിൽ പ്രവേശിപ്പിച്ചപ്പോഴാണ് ശ്വാസ കോശത്തിൽ വൻ പയർ കുടുങ്ങിയ വിവരം അറിയുന്നത്. എക്സ് റേ പരിശോധനയിൽ വലത് ശ്വാസകോശത്തിന്റെ മൂന്നിൽ രണ്ടുഭാഗവും ചുരുങ്ങിയതായി കണ്ടെത്തി.

സി.ടി. സ്‌കാനിലാണ് ശ്വാസനാളിക്കുള്ളിൽ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ വൻപയർ കണ്ടെത്തി നീക്കംചെയ്യുകയായിരുന്നു. ഡോ. അജയ് രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അടിയന്തര ബ്രോങ്കോസ്‌കോപ്പി നടത്തി കുട്ടിയുടെ ജീവൻ രക്ഷിച്ചത്.