തിരുവനന്തപുരം: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് വീട്ടമയിൽ നിന്ന് 15 ലക്ഷത്തോളം രൂപ തട്ടിയ 56 കാരി പിടിയിൽ. ബെംഗളൂരു ഹോരമവ് അമർ റീജൻസി ലേഔട്ട് ഫ്‌ളാറ്റ് നമ്പർ 501ൽ പ്രിയ ബാഹുലേയൻ (56) ആണ് ലക്ഷങ്ങളുടെ തട്ടിപ്പു കേസിൽ അറസ്റ്റിലായത്. കാനഡയിൽ നിന്നുള്ള സമ്മാനം സ്വീകരിക്കാനെന്ന പേരിലാണ് തട്ടിപ്പു അരങ്ങേറിയത്.

തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയാണ് പ്രിയയുടെ കെണിയിൽ വീണത്. വീട്ടമ്മയുായി വാട്ട്‌സാപ്പ് മുഖേന സൗഹൃദം സ്ഥാപിച്ച പ്രിയ കാനഡയിൽ നിന്നും ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഗിഫ്റ്റ് ലഭിക്കുന്നതിനായി കസ്റ്റംസ് ഓഫീസർ ആണെന്ന വ്യാജേന ടാക്സ് ക്ലിയറൻസ് എന്നീ ആവശ്യങ്ങൾ പറഞ്ഞ് ഓൺലൈൻ വഴി 15,33,000 രൂപ തട്ടിയെടുത്തെന്നുമാണ് പരാതി. പണം നഷ്ടമാവുകയും സമ്മാനം ലഭിക്കാതെ വരുകയും ചെയ്തതോടെ ഇവർ പൊലീസിൽ പരാതി നൽകി.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശാനുസരണം തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച് കെ വിനുകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ എസ്‌ഐ സതീഷ് ശേഖർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷീബ, സിനിലാൽ, ബിജി ലേഖ, ജ്യോതി സിപിഒമാരായ ശ്യം കുമാർ, അദീൻ അശോക്ക്, അഖിൽ ദേവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് 21ന് പ്രിയയെ പിടികൂടിയത്. തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.