കട്ടപ്പന: വിദേശയാത്രയ്ക്ക് ടിക്കറ്റ് എടുത്ത് നൽകാമെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ.പഴയ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്‌കൈലിങ്ക് ട്രാവൽ ഏജൻസി നടത്തുന്ന കട്ടപ്പന സൗത്ത് കാഞ്ഞിരന്താനത്ത് സാബു വർഗീസാ (45)ണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്.

ഉപരിപഠനത്തിനും ജോലിക്കുമായി വിദേശത്ത് പോകാൻ സമീപിക്കുന്നവരുടെ പക്കൽനിന്ന് പണം വാങ്ങുന്ന പ്രതി, ടിക്കറ്റ് ശരിയായെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ടിക്കറ്റ് ലഭിക്കാതെ വിദേശയാത്ര മുടങ്ങിയതോടെ പലർക്കും ജോലി നഷ്ടമായ സംഭവങ്ങളുമുണ്ട്. ഇയാൾക്കെതിരേ ഇതുവരെ 50 പരാതികളാണ് കിട്ടിയത്. ഒളിവിൽ പോയ പ്രതിയെ കട്ടപ്പന ഡിവൈ.എസ്‌പി. നിഷാദ്‌മോന്റെ നേതൃത്വത്തിൽ സിഐ. ടി.സി. മുരുകൻ, എസ്‌ഐ. ലിജോ പി.മണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.