- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യത്തിന് സൗകര്യമില്ല; ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി; മൂന്ന് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് പിജി കോഴ്സുകളും നഷ്ടം
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. സംസ്ഥാനത്ത് മൂന്ന് ഗവൺമെന്റ് മെഡിക്കൽ കേളേജജുകളിലെ വിവിധ പി ജി കോഴ്സുകളുടെ ആംഗീകാരം നാഷണൽ കൗൺസിൽ റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യ സർവ്വകലാശാല രജിസ്ട്രാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ച കത്തിലാണ് വിവരങ്ങൾ പറയുന്നത്.
ആവശ്യത്തിന് സൗകര്യമില്ലാത്തതിനാലാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ സീറ്റുകളുടെ അംഗീകാരം റദ്ദാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എം ഡി എമർജൻസി മെഡിസിൻ, പരിയാരം മെഡിക്കൽ കോളേജിലെ എം ഡി എമർജൻസി മെഡിസിൻ ,എം എസ് ഓർത്തോ ,എം എസ് ഇ എൻ ടി , തൃശൂർ മെഡിക്കൽ കോളജിലെ എംഎസ്ഇഎൻടി കോഴ്സുകളുടെ അംഗീകാരവും നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടും , പരിയാരം ,തൃശൂർ മെഡിക്കൽ കോളേജുകളിൽ ഏഴ് വീതവും പിജി സീറ്റുകൾ നഷ്ടപ്പെടും. കാരക്കോണം മെഡിക്കൽ കോളേജിലെ എംഎസ്ഇഎൻടിയുടെ രണ്ട് സീറ്റുകളുടെ അംഗീകാരവും നാഷണൽ മെഡിക്കൽ കൗൺസിൽ റദ്ദാക്കിയിട്ടുണ്ട്.
മൂന്ന് മെഡിക്കൽ കോളജുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിന് ആരോഗ്യ സർവ്വകലാശാലയുടെ അനുമതിയില്ലെന്ന വിവരവും രജിസ്ട്രാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ച കത്തിൽ വിശദമാക്കുന്നു. കോന്നി, പാലക്കാട്, ഇടുക്കി ഗവ. മെഡിക്കൽ കോളജുകൾക്കാണ് അനുമതിയില്ലാത്തത്.
ഫാക്കൽറ്റിയുടെയും റെസിഡൻസിന്റെയും കുറവാണ് അനുമതി നിഷേധിക്കാൻ കാരണം. പാലക്കാട് മെഡിക്കൽ കോളജിൽ ആവശ്യമുള്ളതിലും 14 ശതമാനം ഫാക്കൽറ്റിയുടെ കുറവാണ് ഉള്ളത്. കോന്നിയിൽ 33ശതമാനവും ഇടുക്കിയിൽ 40 ശതമാനവും ഫാക്കൽറ്റികളുടെ കുറവുണ്ട്. ഫാക്കൽറ്റികളുടെയും റസിഡൻസിന്റെയും കുറവ് ഉടൻ പരിഹരിച്ചില്ലെങ്കിൽ ഈ വർഷം കോഴ്‌സ് നടത്തുന്നത് ബുദ്ധിമുട്ടാകും.



