തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞടുപ്പ് ആരംഭിച്ച് ഇതുവരെ അംഗത്വമെടുത്തത് 6.79 ലക്ഷം പേർ. കഴിഞ്ഞ മാസം 28ന് ആരംഭിച്ച മെമ്പർഷിപ്പ് കാമ്പയിനും വോട്ടെടുപ്പും ഈ മാസം 28ന് പൂർത്തിയാക്കേണ്ടതായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി മെമ്പർഷിപ്പ് ചേർക്കൽ നിർത്തിവച്ചിരിക്കയാണ്. ഈ മാസം 30 മുതൽ ഓഗസ്റ്റ് 11 വരെ വീണ്ടും മെമ്പർഷിപ്പ് കാമ്പയിനും വോട്ടെടുപ്പും നടത്താൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം നിർദ്ദേശം നല്കി. പ്രാഥമിക അംഗത്വമെടുക്കുന്നതിന് 50 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ഇത്തരത്തിൽ നിലവിൽ മെമ്പർഷിപ്പ് ചേർത്തത് 6,79,142 പേരെയാണ്. ഇതിലൂടെ 33,987,100 രൂപയാണ് ദേശീയ നേതൃത്വത്തിന് ലഭിക്കുന്നത്.

കൂടാതെ മണ്ഡലം പ്രസിഡന്റ് മുതൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരെ മത്സരിക്കുന്നവരിൽ നിന്ന് 150 രൂപ മുതൽ 7,500 രൂപ വരെയാണ് നോമിനേഷൻ ഫീസായി വാങ്ങുന്നത്. ഇതിലൂടെയും ലക്ഷക്കണക്കിനു രൂപ ലഭിക്കും. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിലവിൽ 13 പേരാണ് മത്സരരംഗത്തുള്ളത്. എ ഗ്രൂപ്പിൽ നിന്നും രാഹുൽ മാങ്കൂട്ടവും ഐഗ്രൂപ്പിൽ നിന്ന് അഡ്വ. അബിൻ വർക്കിയുമാണ് പ്രധാന സ്ഥാനാർത്ഥികൾ.

ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആൾ പ്രസിഡന്റും തുടർന്നുള്ള എട്ടുപേർ വൈസ് പ്രസിഡന്റുമാരുമാകും. വൈസ് പ്രസിഡന്റുമാരിൽ വനിതാ സംവരണം ഉൾപ്പെടെയുള്ളവരും ഉൾപ്പെടുത്തിയിട്ടുണ്ട്.