കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകണമെന്നും കേന്ദ്രസർക്കാറിന് നൽകിയ നിവേദനത്തിൽ എൽ.ഡി.എഫ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. എളമരം കരീം, ഡോ.വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, ജോസ് കെ മാണി, കെ മുരളീധരൻ, പി സന്തോഷ് കുമാർ, ആന്റോ ആന്റണി, എ എ റഹീം, എ എം ആരിഫ് എന്നീ 10 എംപി മാരോടൊപ്പം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സിവിൽ ഏവിയേഷൻ സഹമന്ത്രി ഡോ. വി കെ സിങ്, ഐ.ടി-ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർക്കാണ് നിവേദനം നൽകിയത്.

സിവിൽ ഏവിയേഷൻ പാർലിമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിജയ് സായി റെഡ്ഡിയും, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുമായും എയർപോർട്ട് നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. ഓഗസ്റ്റ് മാസത്തിൽ എയർപോർട്ട് സന്ദർശിക്കാമെന്ന് സ്റ്റാന്റിങ് കമ്മിറ്റി സമ്മതിച്ചതായി എം വി ജയരാജൻ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ വിമാന സർവ്വീസ് കണ്ണൂരിൽ നിന്ന് ആരംഭിക്കണം. അതിന് പോയിന്റ് ഓഫ് കോൾ പദവി കേന്ദ്രസർക്കാർ കണ്ണൂരിന് നൽകണം. എയർപോർട്ടിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 5 വർഷം കഴിഞ്ഞു. യാത്രക്കാരുടെ എണ്ണം 15 ശതമാനം വർദ്ധിച്ചു എന്ന് പാർലിമെന്റ് അംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

മെട്രോ നഗരമല്ലാത്തതിനാൽ പോയന്റ് ഓഫ് കോൾ പദവി നൽകാനാവില്ലെന്ന കേന്ദ്രസർക്കാറിന്റെ നിലപാട് ദൗർഭാഗ്യകരമാണ്. ഏറ്റവും ഒടുവിൽ ഗോവയിലും, യു.പി യിലും മെട്രോ നഗരത്തിലല്ലാത്ത എയർപോർട്ടുകൾക്ക് പോയിന്റ് ഓഫ് കോൾ പദവി നൽകിയിട്ടുണ്ട്. പുതിയ എയർപോർട്ടുകൾ പണിയുന്ന പലയിടങ്ങളും മെട്രോ നഗരങ്ങളല്ല.

ഏറ്റവും കൂടുതൽ പാശ്ചാത്തല സൗകര്യമുള്ള എയർപോർട്ടാണ് കണ്ണൂരിലേത്. 3050 മീറ്ററാണ് റൺവേയുടെ നീളം. വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താനുള്ള സൗകര്യം കണ്ണൂരിലുണ്ട്. കോവിഡ് കാലത്ത് പ്രത്യേകം ചാർട്ടഡ് ചെയ്ത വലിയ വിമാനങ്ങൾ കണ്ണൂരിൽ വിദേശത്ത് നിന്നും യാത്രക്കാരെ എത്തിച്ചതാണ്. കോടികൾ മുടക്കി രാജ്യത്ത് തന്നെ ഏറ്റവും വലിയ 10 വിമാനത്താവളങ്ങളിൽ ഒന്നായ കണ്ണൂരിന്റെ എല്ലാ സൗകര്യങ്ങളും വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.

സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച കൊച്ചി വിമാനത്താവളം ലാഭത്തിലായതു പോലെ കണ്ണൂരിലേതും ലാഭത്തിലാക്കാൻ കഴിയുന്നതേയുള്ളു. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണ എല്ലാവരിൽ നിന്നും എൽ.ഡി.എഫ് പ്രതിനിധി സംഘത്തിന് ലഭിക്കുകയുണ്ടായെന്ന് എം വി ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് പി സന്തോഷ് കുമാറും, മാത്യു കുന്നപ്പള്ളിയുമാണ് സംഘത്തിലുണ്ടായിരുന്നത്.