തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വ്യവസായ സാധ്യതകളെ മാരിടൈം ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര ഷിപ്പിങ് കോൺക്ലേവ് ഒക്ടോബർ ആദ്യവാരം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത പ്രവർത്തന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട് സർക്കാർ കൊണ്ടുവന്ന ഗതാഗത പരിഷ്‌കാരത്താൽ പാറയുടെ ലഭ്യതയിൽ സംഭവിക്കുന്ന കുറവ് പരിഹരിക്കുവാൻ ബദൽ മാർഗങ്ങൾക്ക് യോഗം രൂപം നൽകി. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം സംസ്ഥാനത്തിന് സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും കേരളത്തിന്റെ സ്വപ്ന പദ്ധതി എന്ന നിലയിൽ വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പണം സർക്കാർ കണ്ടെത്തും. മുഖ്യമന്ത്രി ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

പദ്ധതിക്ക് ആവശ്യമായ ക്രയിൻ വഹിച്ചുള്ള ആദ്യ കപ്പൽ സെപ്റ്റംബർ 24 ന് വിഴിഞ്ഞത്തെത്തും. ഇതിനായി വിസിൽ എം.ഡിയും സിഇഒയും അടുത്ത മാസം ആദ്യം ചൈന സന്ദർശിക്കും. 2024 മെയ് മാസത്തോടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. തുറമുഖ നിർമ്മാണത്തിന്റെ പ്രധാന ഘടകങ്ങളെല്ലാം സർക്കാർ ലക്ഷ്യമിട്ട സമയത്ത് തന്നെ പ്രവർത്തനം പൂർത്തീകരിച്ച് ഇതിനകം ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതി പ്രദേശത്ത് നടന്ന അവലോകന യോഗത്തിൽ വിസിൽ എ.ഡി ഡോ.അദീല അബ്ദുല്ല ഐ.എ.എസ്, സിഇഒ ഡോ.ജയകുമാർ, വിഴിഞ്ഞം പോർട്ട് കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ് സുശീൽ നായർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പിറ്റി ജോയ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിപി അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.