പാറശാല: രാത്രിയിൽ പരിശോധനയ്ക്കിറങ്ങിയ പൊലീസുകാരെ കണ്ട് ഒാടിയ സംഘത്തിൽ പെട്ട യുവാവ് പിന്നാലെ എത്തി നിർത്തിയിട്ട പൊലീസ് ജീപ്പുമായി കടന്നു. ഇതോടെ പൊലീസ് ജീപ്പുകിട്ടാൻ പ്രതിയുടെ പിന്നാലെ പാഞ്ഞ പൊലീസുകാർക്ക് പ്രതിയെ നാട്ടുകാർ പിടികൂടി കൈമാറി. പരശുവയ്ക്കൽ ജി.ആർ വില്ലയിൽ ഗോകുൽ (23) ആണ് പാറശാല പൊലീസിനെ വട്ടം ചുറ്റിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പരശുവയ്ക്കൽ കുണ്ടുവിളയിൽ ചൊവ്വ രാത്രി 10.30ന് ആണ് നാടകീയ സംഭവം. പട്രോളിങ്ങിനിടയിൽ പൊലീസ് വാഹനം കണ്ട് മൂന്ന് യുവാക്കൾ ഒാടി. ഇതുകണ്ട പൊലീസ് ഇവർക്ക് പിന്നാലെ ഓടി. ഗ്രേഡ് എസ്‌ഐ അടക്കം മൂന്ന് പേർ ആണ് പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് ഇറങ്ങി പരിശോധിക്കുന്നതിനു ഇടയിൽ പിന്നിലൂടെ എത്തിയ ഗോകുൽ വാഹനം ഓടിച്ചു പോവുകയായിരുന്നു.

അമിത വേഗത്തിൽ പാഞ്ഞ വാഹനം അടുമാൻകാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിൽ നേരിയ രീതിയിൽ തട്ടിയെങ്കിലും നിർത്താതെ മുന്നോട്ട് പോയി. 200മീറ്ററോളം പാഞ്ഞ വാഹനം റോഡ് വശത്തെ കുഴി കടന്ന് പറമ്പിലെ മതിലിൽ ഇടിച്ചു നിന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തി യുവാവിനെ തടഞ്ഞുവച്ചു. ഇതിനിടെ, പൊലീസുകാരും സ്ഥലത്തെത്തി.

സ്വന്തം വാഹനം എന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് വാഹനം എടുത്തത് എന്നായിരുന്നു യുവാവ് പറഞ്ഞത്. ഇയാൾക്ക് വാഹനം ഇല്ലെന്ന് കണ്ടെത്തി. സീരിയലുകളിൽ മേക്കപ്പ് ആർട്ടിസ്റ്റാണ് ഗോകുൽ.