- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത മൈക്ക് കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്കിൽ തടസ്സമുണ്ടായ സംഭവത്തിൽ കേസ് അവസാനിപ്പിച്ചു. 25ന് വൈകിട്ട് അയ്യൻകാളി ഹാളിൽനടന്ന പരിപാടിയിൽ കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മൈക്ക് കേസ് അവസാനിപ്പിച്ച് സിറ്റി കന്റോൺമെന്റ് പൊലീസ് തലസ്ഥാന ജില്ലാ മജിസ്‌ട്രേട്ട് കോടതിയിൽ റെഫർ റിപ്പോർട്ട് സമർപ്പിച്ചു. വാസ്തവ സംഗതിയെ തെറ്റിദ്ധരിപ്പിച്ചത് (മിസ്റ്റേക്ക് ഓഫ് ഫാക്റ്റ് ) എന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് റെഫർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് റഫർ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരില്ലാതെ പൊലീസ് നേരിട്ട് കൃത്യം കണ്ടതായി നേരിട്ടെടുത്ത എഫ്‌ഐആർ റദ്ദാക്കാൻ പൊലീസ് തന്നെ കോടതിയെ സമീപിക്കുകയായിരുന്നു.
മൈക്ക് പ്രവർത്തന തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാറല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ആൾ തിരക്കിനിടയിൽ വയർ വലിഞ്ഞ് ശബ്ദം കൂടിയതാവാം ഹൗളിങിന് കാരണമെന്നും തുടർ നടപടികൾക്ക് സാധ്യതകളില്ലെന്നും കന്റോൺമെന്റ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് മൈക്കിന്റെ ശബ്ദം ഉയർന്നത്. സാങ്കേതിക പിഴവെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ 15 മിനിറ്റാണ് മൈക്കിൽനിന്ന് മുഴക്കം കേട്ടത്. 26ന് ഉച്ചയോടെ കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൈക്ക് ഓപ്പറേറ്ററായ എസ്.രഞ്ജിത്തിൽനിന്ന് മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ മൈക്ക് പരിശോധിച്ചു. നാണക്കേടായതിനെ തുടർന്ന് തുടർനടപടി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കേബിൾ വലിഞ്ഞതു കൊണ്ടുണ്ടായ സ്വാഭാവിക മുഴക്കമെന്നായിരുന്നു ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇന്നലെ ഉച്ചയോടെ ഉപകരണങ്ങൾ മൈക്ക് സെറ്റ് ഓപ്പറേറ്റർക്ക് കൈമാറി.
പൊതുസുരക്ഷയെ ബാധിക്കും വിധം ബോധപൂർവം പ്രവർത്തിക്കുന്നവർക്കെതിരെയുള്ള പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പാണ് ചുമത്തിയത്. തുടർനടപടികൾ ഉണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ, വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന യോഗങ്ങളിലെ മൈക്കും ഉപകരണങ്ങളും പൊലീസ് പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി പ്രത്യേകം മാനദണ്ഡം രൂപീകരിക്കും. മൈക്ക് പരിപാടിക്ക് മുൻപായി സൂക്ഷിക്കുന്നത് പൊലീസ് നിർദേശപ്രകാരമായിരിക്കും. പ്രധാനമന്ത്രിക്കും രാഹുൽഗാന്ധിക്കും പരിപാടികൾക്കായി മൈക്ക് നൽകിയ ഓപ്പറേറ്ററാണ് എസ് രഞ്ജിത്ത്. ആളുകളുടെ തിരക്കിനിടയിൽ കേബിളിൽ തട്ടിയാണ് ശബ്ദം ഉണ്ടായതെന്ന് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്