കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യാത്രക്കാരനെ സ്വർണവുമായി എയർപോർട്ട് പൊലിസ് പിടികൂടി. കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ് കബീർ റിഫായാണ് വെള്ളിയാഴ്‌ച്ച പുലർച്ചെ പിടിയിലായത്. ഇയാളിൽ നിന്നും പത്തുലക്ഷത്തി പതിനാലായിരത്തി ഇരുന്നൂറ്റി പതിനേഴുരൂപ വിലവരുന്ന 221.33ഗ്രാം സ്വർണമാണ് പിടികൂടിയത്.

ഷാർജയിൽ നിന്ന് എയർ ഇന്ത്യാ എക്സ് പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയതായിരുന്നു അഹമദ് കബീർ റിഫായ്. വിമാനത്താവളത്തിനുള്ളിൽ കസ്റ്റംസിന്റെ പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്ന് പൊലിസ് പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ ഇയാൾ കയ്യിൽ കരുതിയ ലഗേജിനുുള്ളിൽ പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ എയർപോർട്ട് പൊലിസ് സ്റ്റേഷനിലെത്തിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ ഐ.പി. എസിന്റെ നിയന്ത്രണത്തിലുള്ള എയർപോർട്ട് പൊലിസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങുന്ന നിരവധി സ്വർണകടത്തുകാരെ അടുത്ത കാലത്തായി പൊലിസ് പിടികൂടിയിരുന്നു. ഇതുവരെ നാലുകോടിയുടെ സ്വർണമാണ് എയർപോർട്ട് പൊലിസ് പിടികൂടിയത്.