കടയ്ക്കൽ: വീടിനുമുകളിലേക്കു അജ്ഞാതരുടെ കല്ലേർ. പുറത്തിറങ്ങിനോക്കിയ വീട്ടുകാർ കണ്ടത് കല്ലും അതിനൊപ്പം ചിതറിക്കിടക്കുന്ന നാണയങ്ങളും 500 രൂപ നോട്ടുകളും. കല്ലിനൊപ്പം പണവും കണ്ടതോടെ അമ്പരന്ന വീട്ടുകാർ പണം എടുത്തു വെച്ചു. രണ്ടു ദിവസത്തെ കല്ലേറിനൊടുവിൽ കിട്ടിയത് 8900 രൂപ! കിട്ടിയ തുക കയ്യോടെ പൊലീസിനെ വീട്ടുകാർ ഏൽപ്പിച്ചെങ്കിലും കല്ലേറും പണമേറും കാരണം ഭീതിയിലുമായി.

കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കൽ ആനപ്പാറ മണിയന്മുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള വീട്ടിൽ രാജേഷിന്റെ വീട്ടിലാണ് കല്ലും പണവും മഴയായി പെയ്യുന്നത്. പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ കല്ലുകൾ വന്നു വീണു. പക്ഷേ ആരെയും കണ്ടെത്താനായില്ല.

രാജേഷ് മൂന്നു മാസം മുൻപു വിദേശത്തു ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളുമാണു വീട്ടിൽ താമസം. പ്രസീദയുടെ അച്ഛൻ പുഷ്‌കരനും അമ്മയും ഒപ്പമുണ്ട്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷവും കല്ലേറും നാണയമേറും തുടരുകയാണ്.