മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽനിന്ന് രണ്ട് വർഷം മുമ്പ് കാണാതായ ആദിവാസി യുവതിയെയും മക്കളെയും ഭിക്ഷാടനമാഫിയയിൽ നിന്നും മോചിപ്പിച്ച് പൊലീസ്. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി മോചിപ്പിച്ചത്.

2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. തുടർന്ന് മലപ്പുറം എസ്‌പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂർ ഡിവൈ.എസ്‌പി.യുടെയും മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.

രണ്ടുവർഷം നീണ്ട പൊലീസിന്റെ പ്രയത്നമാണ് ഫലം കണ്ടതെന്നും യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, മധുര, പഴനി, പൊള്ളാച്ചി, തിരുപ്പൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിലെല്ലാം തിരച്ചിൽ നടത്തി.

ഈ അന്വേഷണത്തിലാണ് യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘം പ്രദേശവാസികളുമായി അടുപ്പം സ്ഥാപിച്ച് കൂടുതൽവിവരങ്ങൾ ശേഖരിക്കുകയും തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കോയമ്പത്തൂരിൽനിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു.

പോത്തുകൽ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ. സോമൻ, എസ്.സി.പി.ഒ. രാജേഷ്, സി.പി.ഒ.മാരായ അഖിൽ, കൃഷ്ണദാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.