മല്ലപ്പള്ളി: കുന്നന്താനത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലിരുന്ന സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ആനിക്കാട് നൂറോമ്മാവ് പുളിക്കാമല കണ്ണംകുളത്ത് പുന്നശേരി വീട്ടിൽ ലിജോ കുര്യാക്കോസിന്റെ മകൻ ജിയോ പി. ലിജോയാണ് (18) മരിച്ചത്.

കുന്നന്താനം നടയ്ക്കലിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ ജിയോയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായർ രാവിലെ 5ന് മരിച്ചു. സംസ്‌കാരം ഇന്ന് 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 11.30ന് പനയമ്പാല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ബൈക്കിൽ യാത്ര ചെയ്തിരുന്ന കറിക്കാട്ടൂർ സ്വദേശികളായ ദമ്പതികൾക്കും പരുക്കേറ്റു. ശ്രീജയാണ് ജിയോയുടെ അമ്മ. സഹോദരങ്ങൾ: ജിത്തു, ജിതിൻ.