മൂന്നാർ: പൊലീസ് സംഘത്തെ ആക്രമിക്കുകയും ഫോൺ പിടിച്ചു പറിക്കുകയും ചെയ്ത കേസിൽ വഴിയോരക്കച്ചവടക്കാരായ പിതാവും മകനും അറസ്റ്റിൽ. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിൽ എം.പരമൻ (67), മകൻ പി.ഹരിഹരസുതൻ (36) എന്നിവരാണു പിടിയിലായത്. യൂത്ത് കോൺഗ്രസ് മാട്ടുപ്പെട്ടി മണ്ഡലം മുൻ പ്രസിഡന്റാണു ഹരിഹരസുതൻ. വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം അന്വേഷിക്കാനെത്തിയപ്പോഴാണ് പൊലീസിനു നേരെ ആക്രമണം ഉണ്ടായത്.

ശനിയാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി എക്കോ പോയിന്റിലാണു സംഭവം. വിനോദസഞ്ചാരത്തിനായി തിരുവനന്തപുരത്തു നിന്നെത്തിയ 18 അംഗ സംഘം ആവശ്യപ്പെട്ട പ്രകാരം സ്റ്റിൽ ഫൊട്ടോഗ്രഫർമാർ ഗ്രൂപ്പ് ഫോട്ടോയെടുത്തു. പിന്നീടു ചിത്രങ്ങളുടെ ചാർജ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ ഫൊട്ടോഗ്രഫർമാർ, തങ്ങളുടെ സംഘത്തിലെ സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ മർദിച്ചെന്ന വിനോദസഞ്ചാരികളുടെ പരാതി അന്വേഷിക്കാൻ എസ്‌ഐ അജേഷ് കെ.ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി.

പരുക്കേറ്റവർ ചൂണ്ടിക്കാട്ടിയ ഫൊട്ടോഗ്രഫർമാരിൽ ഒരാളെ പൊലീസ് വാഹനത്തിൽ കയറ്റിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഈ സമയത്ത് വഴിയോരക്കച്ചവടക്കാരായ കുറച്ചു പേർ സംഘടിച്ചെത്തി പൊലീസിനെ ആക്രമിക്കുക ആയിരുന്നു. എസ്‌ഐയുടെ ഷർട്ടിലെ നെയിം ബോർഡ് ഉൾപ്പെടെ കീറി നശിപ്പിച്ചു. സംഭവം മൊബൈലിൽ പകർത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ നിന്നും ഇവർ ബലമായി ഫോണും പിടിച്ചുവാങ്ങുകയും ചെയ്തു.

മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണു രണ്ടുപേരെ പിടികൂടിയത്. മറ്റ് അക്രമികൾ കടന്നുകളഞ്ഞു. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തു.